
ദോഹ: തലസ്ഥാന നഗരമായ ദോഹയുൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ശക്തമായ മഴ തുടരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കടലിൽ പോകുന്നവർക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (QMD) കർശന ജാഗ്രതാ നിർദ്ദേശം നൽകി.ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. സാധാരണ ഗതിയിൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരാമെങ്കിലും, ഇടിമിന്നലോടു കൂടിയ മഴയുള്ള സമയങ്ങളിൽ ഇത് 9 അടി വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമയങ്ങളിൽ കടൽ മാർഗമുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം.വടക്ക് പടിഞ്ഞാറ്/വടക്ക് കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 18 നോട്ട് വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 26 നോട്ട് വരെ വർദ്ധിച്ചേക്കാം.അടുത്ത കുറച്ച് മണിക്കൂറുകളിൽ കൂടി മഴ തുടരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.











